Wednesday, July 10, 2013

അടക്കകൾ വലുതായ കഥ ! ! ! !

കാലം 99....ഞങ്ങൾ അന്ന് മീശ കുരുത്ത് വരുന്ന പയ്യന്മാർ. 1St ഇയർ ബ്ലോക്ക്‌ഇന്റെ കിഴക്കേ അറ്റത്തുള്ള മുറിയിലാണ് നമ്മുടെ 4 നായകന്മാരും താമസിച്ചിരുന്നത്. 4 ചെറുപ്പകാർ....പക്ഷെ ചെറുപ്പം അല്പ്പം കൂടിയത് കൊണ്ടാണോ അതോ കൂടെ ഉണ്ടായിരുന്നവർ കിളവന്മാർ ആയതുകൊണ്ടാണോ എന്നറിയില്ല, അവര്ക്കൊരു കോമണ്‍ പേര് വീണു. വീണതല്ല റാഗിങ്ങ് കാലത്ത് മഹത്തുക്കളായ seniors ഇട്ടുകൊടുത്ത പേരാണ്......'അടക്കാകുരുവികൾ'.
                     ലേഖകൻ ഈ മുറിയിലെ നിത്യ സന്ദർശകനും ഇവരുടെ ഉറ്റ സുഹൃത്തും ആണ്....അതിനാല തന്നെ ഇവരുടെ പേരുവിവരങ്ങൾ പ്രസിധപ്പെടുതുന്നില്ല. ഇവരുടെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്നത് ക്ലാസ്സിലെ തന്നെ ഏറ്റവും ആജാനബാഹുക്കളിൽ ഒരാളായ ഒരു ഏറണാകുളംകാരനായിരുന്നു. പൊതുവെ ചെറിയ മനുഷ്യരെ ഉപദ്രവിക്കുക എന്നുള്ളത് ഈ മാന്യദേഹത്തിന്റെ കലാപരിപാടികളിൽ ഒന്നാണ്. എന്റെ റൂമിന്റെ എതിര്  താമസിച്ച ആ കൊച്ചു മനുഷ്യനെ മൃഗീയമായി പീടിപ്പിച്ചതിന്റെ visuals ആൻഡ്‌ audio ഇപ്പോഴും ലേഖകന് ഓർത്തെടുക്കാൻ കഴിയും.
                             അടക്കകളെയും ഇവൻ വെറുതെ വിട്ടില്ല...സ്ഥിരമായി ഉപദ്രവം തുടർന്നു....
                     അങ്ങനെ ഒരിക്കൽ അടക്കകൾ പ്ലാൻ ചെയ്തു....'ഈ ബകനെ എങ്ങനെയും ഓടിക്കണം'.........അവർ പഴയ ആ കിളികളുടെ കഥ ഓർത്തു.....ഐക്യമത്യം മഹാബലം.....പതിവുപോലെ 7pm നു കുളിതോർത്തും ഉടുത് ബകൻ അവരുടെ റൂമിലെത്തി...അടക്കകളെ ഒന്നൊന്നായി ഞോണ്ടിതുടങ്ങി.....ട്ടപ്‌............... എന്താണെന്നു മനസ്സിലാക്കുന്നതിനു മുൻപ് അവൻ വീണു....sacro coccygeal  ഏരിയയിൽ ഒരുവേദന....... കണ്ണ് തുറന്നപ്പോൾ നിലത്തു കിടക്കുകയാണ്....രണ്ടു കയ്യിലും കാലിലും ഓരോ അടക്കകൾ ബലമായി പിടിച്ചിട്ടുണ്ട്......കാലിൽ പിടിച്ചിരിക്കുന്നതിൽ ഒരാൾ അവന്റെ തോർത്ത്‌ അഴിച്ചു  മാറ്റി.......@#$%%^%%$$!@@#...............തെറി വിളിതുടങ്ങിയപ്പോൾ തന്നെ തലയ്ക്ക ഇരുന്ന ഒരടക്ക അവന്റെ വായില ആതോർത്ത് തിരുകി...
                 ഏതാണ്ട് അരമണിക്കൂർ അവരവനെ അവിടെ തളച്ചിട്ടു......
പിന്നെ ഒരിക്കലും അവരെ അവൻ ശല്യപ്പെടുത്തിയില്ല......(നമ്മുടെ ചെറിയ മനുഷ്യൻ കാലങ്ങളോളം പിന്നെയും പീഡിപ്പിക്കപ്പെട്ടു)....ഈ കഥ നാട്ടിലൊക്കെ പാട്ടായി.....seniors അറിഞ്ഞു....'ഈ ഒക്കെ കടുവകൾ ആണല്ലോ മക്കളെ' ഒരു ചേട്ടൻ പ്രസംസിച്ചു......അങ്ങനെ അവരും മോഡേണ്‍ ആയി....'അടക്കാ കടുവകൾ ആയി'

Sunday, November 14, 2010

കാട്ടുതീ

പരിയാരം എന്ന് പറയുമ്പോഴേ മനസ്സില്‍ വരുന്നത് ചെമ്മണ്‍
പാതകളും അക്കേഷ്യ മരങ്ങളുമാണ്.
എല്ലാത്തിനും ഒരു നാടന്‍ ഭംഗിയുണ്ട്. മൊട്ടകുന്നുകളുടെ നടുവിലായി അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു ഞങ്ങളുടെ മെഡിക്കല്‍ കോളേജ്.
തരിശുഭുമിയെല്ലാം നിറച്ചു അക്കേഷ്യ മരങ്ങളാണ്.
മഴക്കാലത്ത്‌ തഴച്ചു വളര്‍ന്നും മാര്‍ച്ചില്‍ വാടിക്കരിഞ്ഞും അക്കേഷ്യക്കുട്ടന്മാര്‍ഒരു കള ആയും allergy source ആയും അങ്ങനെ നിലകൊണ്ടു.
അക്കേഷ്യ കാടുകള്‍ നിറച്ചും കുറുക്കന്‍മാരണ്. ചിലപ്പോ മുയലുകളും കാണും.
പണ്ട് വില്ലളിവീരന്മാരായ seniors വേട്ടക്കു പോയ കഥകള്‍ ഒക്കെ കേട്ടാണ് ഞങ്ങള്‍ കുരുന്നു juniors വളര്‍ന്നത്‌.കാട്ടുമുയലും നല്ല കശുമാങ്ങ വാറ്റിയതും ചേര്‍ത്ത് അടിച്ച കഥകള്‍ പല ഞായറാഴ്ചകളിലും ഞങ്ങള്‍ കേട്ടു.
കാലം കരിയില കൊഴിയുന്നപോലെ കഴിഞ്ഞുപോയി. ഇന്നലത്തെ മഞ്ഞമാറാത്ത ചെറുക്കന്മാര്‍ വളര്‍ന്നു.....ഞങ്ങളും seniors ആയി. ചില്ലറ മസില് പിടുത്തവും ഒരു ക്രൂരന്‍ ലൂകും ഒക്കെ ഉള്ളോണ്ട് ഞാന്‍ ഒരു മെഗാ സീനിയര്‍ ആയി വിലസുന്ന കാലം....
ഞങ്ങള്‍ seniors ആന്‍ഡ്‌ juniors അടങ്ങുന്ന ഒരു നാല്‍വര്‍ സംഘംഅക്കേഷ്യ കാടുകള്‍ താണ്ടാന്‍ തീരുമാനിച്ചു.
അക്കേഷ്യ കാടെന്നുവച്ചാല്‍ ചില്ലറയൊന്നുമല്ല...ഒരു പത്തു നാല്‍പ്പതു ഏക്കര്‍ അങ്ങനെ വളര്‍ന്നു നില്‍പ്പാണ് സംഗതി.
സമയം ഒരു അഞ്ചു അഞ്ചര ആയപ്പോള്‍
ഞങ്ങള്‍ മെസ്സിന്റെ സൈഡില്‍കൂടിയുന്ന
ഒരു ചെറിയ വഴിയില്കൂടെ ഈ 'നിബിഡ വനത്തിലേക്ക് ' പ്രവേശിച്ചു
. സംഭവം കൊള്ളാം ....ആകെ ഒരുത്രില്ല് ....
' ഡാ കുറെ നടക്കുമ്പോ
ചിലപ്പോ സംഭവം വാറ്റുന്ന അണ്ണന്മാര്‍ഉണ്ടാവും...നോക്കിക്കോണേ'.
അഹ....! ആനന്ദലബ്ധിക്കിനി എന്ത് വേണ്ടു...ഞങ്ങള്‍ വച്ചുപിടിച്ചു...
കൂട്ടത്തില്‍ കശുമാങ്ങ
കോട
യാക്കി വാറ്റുന്നതിനെ പറ്റി കൂട്ടത്തിലെ ഏറ്റവും
മുതിര്‍ന്ന ഒരു 'മച്ചാന്‍' ക്ലാസ്സ്‌ എടുത്തു....
ഏതാണ്ട് ഒരു മുക്കാല്‍ മണിക്കൂര്‍ ഞങ്ങള്‍ നടന്നു...വാറ്റ് പോയിട്ട്, ഒരു
കശു
മാങ്ങപോലും കണ്ടില്ല....മൊത്തം അക്കേഷ്യ....
പ്രകാശം പതിയെ മങ്ങിത്തുടങ്ങി....
'തിരിച്ചു നടന്നാലോ' ഞാന്‍ ചോദിച്ചു...!

'പോടാ കുറച്ചുകൂടെ പൂവാം' ആവേശത്തില്‍ കജു പറഞ്ഞു. 'ശരിയാ', നെയിമോന്‍ പിന്താങ്ങി....ഒടുവില്‍ ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സംഭവം ഗുരുതരമായി!.
ഇരുട്ട് പരന്നപ്പോഴേക്കും ഒന്നും കാണാന്‍ വയ്യ....ഏതു ദിശയിലാണ് നടക്കുന്നതെന്നുപോലും അറിയില്ല....നല്ല തണുപ്പും. വീണ്ടും ഒരരമണിക്കൂര്‍ നടന്നു....എവിടെയും എത്തിയില്ല!!!......'എടാ ഇതിന്റെ ഇടക്ക് പാമ്പ് കാണും...'
മച്ചാന്‍ ഒരു ആത്മഗതം എന്നോണം പറഞ്ഞു.
'തിരിച്ചു നടന്നാലോ'....കജു ചോദിച്ചു....' അല്ല മച്ചാന്‍ പറഞ്ഞ പോലെ പാമ്പോ മറ്റോ!'.....
ഞാന്‍ ഒന്ന് ഞെട്ടി...'പാമ്പോ എവിടെ...?'
'പാമ്പോന്നും ഇല്ലെട അവന്‍ വെറുതെ പറഞ്ഞതാ'
ഹം.....ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ വീണ്ടും നടന്നു. ഇരുട്ടും പാമ്പും, എല്ലാം കൂടെ ആദ്യത്തെ ആ excitement അങ്ങ് പോയി...ചെറിയ പേടി വന്നു തുടങ്ങി.
'നമുക്ക് തിരിച്ചു നടന്നാലോ'....മച്ചാന്‍ ചോദിച്ചു. പക്ഷെ അപ്പോഴേക്കും നല്ല ഇരുട്ടായി...ഒന്നും കാണാന്‍ വയ്യ...ഞങ്ങള്‍ 4 പേര്‍ അക്കേഷ്യ കാടിനു നടുവില്‍ .എത്ര നേരം തിരിച്ചു നടന്നു എന്നറിയില്ല, ഞങ്ങള്‍ അപ്പോഴും അക്കേഷ്യ മരങ്ങളുടെ നടുവില്‍ തന്നെ...എല്ലാവര്ക്കും പേടിയായി. ഒടുവില്‍ ആരുടെയോക്കെയൂ ഭാഗ്യം കൊണ്ട് ഏതാണ്ട് 2 മണിക്കൂര്‍ ചുറ്റി കറങ്ങി ഞങ്ങള്‍ വെളിയില്‍ എത്തി. ഹോ ശരിക്കും world cup ജയിച്ച സന്തോഷം ആയിരുന്നു എല്ലാവര്ക്കും.. കജു അന്നൊരു ശപഥം ചെയ്തു....'ഡാ ഈ കാട് മുഴുവന്‍ ഞാന്‍ നശിപ്പിക്കും'.
മാസങ്ങള്‍ പിന്നെയുന്‍ കൊഴിഞ്ഞുപോയി.....ഒരു ഏപ്രില്‍ മാസചൂടില്‍ ഉച്ച ക്ലാസും കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ കജു ഹോസ്റെളില് മുന്‍പില്‍ തന്നെ നില്‍ക്കുന്നു.
'ഡേയ് നീ ഇവിടെ നില്‍...ഇപ്പൊ ഒരു fire engine പോകും' . പിറ്റേ ദിവസത്തെ പത്രത്തില്‍ ഒരു ചെയ്യ കോളം ന്യൂസ്‌ ഉണ്ടായിരുന്നു...പരിയാരത്തെ കുന്നു കളില്‍ കാട്ടു തീ.....ഏക്കര്‍ കണക്കിന് ഉണങ്ങിയ അക്കേഷ്യ മരങ്ങള്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപെട്ടു. എന്നാല് കജുവിന്റെ ഒരു ശപഥമേ!!!!

Thursday, September 23, 2010

ഞെട്ടലിന്‍റെ കഥ

കഥയൊന്നുമല്ല, സംഭവം സത്യമാണ്. വേണമെങ്കില്‍ ജീവിതഗന്ധി എന്നൊക്കെ പറയാം. കഥയുടെ background പരിയാരം ആണ്. ഏതാണ്ട് പത്തുകൊല്ലം മുന്‍പുള്ള ഒരു രാത്രി. വെറും രാത്രിയല്ല, മില്ലേനിയം വര്‍ഷത്തിലെ ഒരു രാത്രി. ആ രാത്രി ഞങ്ങള്‍ മുന്നുപേര്‍ വളരെ അസ്വസ്ഥരായിരുന്നു.....! കാരണം അതൊരു പ്രധാനപ്പെട്ട രാത്രി ആയിരുന്നു......ഫസ്റ്റ് ഇയര്‍ MBBS - ന്റെ അവസാനത്തെ പ്രാക്ടികല്സും തീര്‍ന്ന രാത്രി. ഞങ്ങളുടെ ബാച്ചിന് പ്രക്ടികല്സ് നടത്തിയത് ഒരു പ്രതേക രീതിയില്‍ ആയിരുന്നു. 100 പേരെയും മുന്ന് ബാച്ചുകളായി തരിച്ചു....ആദ്യബാച്ച് ആണുങ്ങള്‍ മാത്രം, രണ്ടാമതത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും,മുന്നാമാതെതില്‍ പെണ്‍കുട്ടികള്‍ മാത്രം! ഞങ്ങള്‍ ആണ്‍കുട്ടികളുടെ ബാച്ചിനാണ് എല്ലാ പരീക്ഷകളും ആദ്യം തീര്‍ന്നത്.

ജെയിന്‍ആണ് ആദ്യം ആ ഐഡിയ തോന്നിയത്.....ലേഡീസ് ഹോസ്റ്റലിനു പുറകില്‍ പടക്കം പൊട്ടിക്കുക. പരീക്ഷ തീര്‍ന്ന സന്തോഷത്തില്‍ മതിമറന്നു നിന്ന ഞങ്ങള്‍ ആ ഐഡിയ കേട്ട് കോരിത്തരിച്ചു.
പിന്നെ മറുത്തൊന്നും ആലോചിച്ചില്ല...ജെയിന്‍ന്റെ ബൈക്ക് സ്റ്റാര്‍ട്ട്‌ ആവുന്നു...100 km /hr അത് പയ്യനുരെക്ക് പായുന്നു.....മാലപ്പടക്കം(നല്ല എറിപ്പെന്‍ സാധനം) വാങ്ങുന്നു...പോയതിലും വേഗത്തില്‍ തിരിച്ചെത്തുന്നു. മനസ്സിനുള്ളില്‍ ലഡ്ഡു പൊട്ടി....കൈത്തരിപ്പു മാറാന്‍ ഒന്നുരണ്ടെണ്ണം മാലയില്‍നിന്നു ഊരിഎടുത്തു പൊട്ടിച്ചു നോക്കി(ബാക്കി പരീക്ഷഉള്ളവന്മാരുടെ കയില്‍ നിന്നും നല്ല സ്വയമ്പന്‍ തെറി കേട്ടു). പിന്നെ രാത്രി ആവാന്‍ നോക്കിയിരിപ്പായി.

രാത്രി ഏതാണ്ട് പത്തു മണി ആയപ്പോള്‍ ഞങ്ങള്‍ രണ്ടുപേര്‍ കള്ളന്മാരെ പോലെ 1st ഇയര്‍ ലേഡീസ് ഹോസ്ടലിനെ ലക്ഷ്യമാക്കി നീങ്ങി. കോളേജ് ബ്ലോക്കിന്റെ ഏറ്റവും മുകളിലാണ് ഹോസ്റ്റല്‍.
'ഏറ്റവും താഴെ ലൈബ്രറി ഉള്ളതിനാല്‍ നമ്മള്‍ ഡബിള്‍ കെയര്‍ഫുള്‍ ആകണം' ജെയിന്‍ ആത്മഗതം എന്നോണം പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടാതെ തുരുതുരെ തല ആട്ടി. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും നല്ല പേടി തോന്നിയിരുന്നു.
നെന്ജിനുള്ളില്‍ ഹൃദയം കിടന്നു പടപട ഇടിക്കുന്നു. രണ്ടു മാലകള്‍ ഉണ്ട് കയ്യില്‍. രണ്ടും separate കത്തിക്കാന്‍ഉള്ള ധൈര്യം ഇല്ല അതുകൊണ്ട് ഒരുമിച്ച് തിരികൊളുത്താന്‍ പരിപാടി ഇട്ടു. ഹോസ്ടലിന്റെ പുറകില്‍ ഉള്ള ഒരു മണ്‍ തിട്ടക്ക്‌ മുകളില്‍ ജെയിന്‍ അവന്റെ പടക്കം arrange ചെയ്തു...ഞാന്‍ തിട്ടയുടെ താഴെയും.'ഒന്ന്..രണ്ട്..മുന്ന് എണ്ണികഴിയുമ്പോള്‍ ഒരുമിച്ചു കത്തിക്കണം' ഞാന്‍ പറഞ്ഞു...പറഞ്ഞതുമാത്രം ഓര്‍മ്മയുണ്ട്...മുകളിലേക്ക് നോക്കുമ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു....ജെയിന്‍നെ കാണാനില്ല.....മുകളിലിരിക്കുന്ന മാലപടക്കതിന്റെ തിരി കത്തുന്നു!!! പിന്നെ ഒന്നും നോക്കീല്ല...താഴെ ഇരിക്കുന്നത് എങ്ങനെയോ കത്തിച്ചു തിരിഞ്ഞു നോക്കാതെ ഒരോട്ടം....പിന്നില്‍ ഉച്ചത്തില്‍ പടക്കം പൊട്ടുന്നതിന്റെ ശബ്ദവും വെളിച്ചവും. എങ്ങോട്ടാണ് ഓടുന്നതെന്ന് അറിയില്ല...
പെട്ടന്നാണ് മുന്നിലെ കുഴി കണ്ടത്....ഒന്നും ചെയ്യാന്‍ പറ്റിയില്ല കമന്നടിച്ചു വീണു....രണ്ട് സെക്കന്റ്‌ നേരത്തേക്ക് ഒന്നും മനസ്സിലായില്ല...പിന്നെ ശ്രദ്ധിച്ചപ്പോള്‍ മുന്നില്‍ ഓടുന്ന ജെയിന്‍നെ കണ്ടു....ലേഡീസ് ഹോസ്റ്റലില്‍ നിന്നും ആരോക്കയോ ഉറക്കെ കരയുന്നു....ലൈബ്രറിയില്‍ നിന്നും ആരൊക്കെയോ നോക്കുന്നു( ചിലര്‍ പടക്കം പോട്ടിച്ചവന്മാരുടെ gender, പിതൃത്വം തുടങ്ങിയവയെപ്പറ്റി കമന്റ്‌ പറയുന്നു). ഒടുക്കം എങ്ങനെയോ അവിടുന്ന് തടിതപ്പി.....
പിന്നീട് രാത്രി പന്ദ്രണ്ട് മണിക്ക് casualty യില്‍ പതുങ്ങിചെന്നു പെയിന്റ് പോയ കയ്യും കാലും ഡ്രസ്സ്‌ ചെയ്തതു വേറെ കഥ....എന്തായാലും പടക്കം പൊട്ടിച്ചതിന്റെ നിര്‍വ്രിതിയിലും, കയ്യും കാലും മുറിഞ്ഞതിന്റെ വേദനയിലും രാത്രി ഒരുപാടു താമസിച്ചാണ് അന്ന് ഞാന്‍ ഉറങ്ങിയത്.

മേമ്പൊടി: പടക്കം പൊട്ടിച്ചു ഏതാണ്ട് ഒന്നര മാസം കഴിഞ്ഞപ്പോള്‍ ആണ് റിസള്‍ട്ട്‌ വന്നത്...
പാസ്‌ ആയി...സന്തോഷപുളകിതനായി സാറന്മാരെ മാര്‍ക്ക്‌ ലിസ്റ്റ് കാണിക്കാനായി ഇറങ്ങി...Phisiology departmentഇല്‍ എത്തിയപ്പോള്‍ പഴയ പുലികളായ രണ്ട് ജൂനിയര്‍ സാറന്മാരെ കണ്ടു......'പാസ്‌ ആയി അല്ലെ ...congrats , ഡാ നിങ്ങളുടെ ബാച്ച് ആണ്‍ പിള്ളേര്‍ കലക്കി....പരീക്ഷ കഴിഞ്ഞ അന്നുതന്നെ ലേഡീസ് ഹോസ്റ്റല്‍ഇന് പുറകില്‍ പോയി പടക്കം പൊട്ടിച്ചില്ലേ....അന്ന് ഞാന്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്നു....ഒരുത്തന്‍ പട്ടാളക്കരൊക്കെ granade എറിയുന്നതുപോലെ പടക്കം കത്തിച്ചു എറിഞ്ഞിട്ടു തറയില്‍ കമഴ്ന്നു കിടക്കുന്നു!!! ഭീകരന്‍ മാര്‍...ഡേയ് ആരാ പൊട്ടിച്ചേ'.
ഞാന്‍ ഒന്നും പറഞ്ഞില്ല.....കാല്‍മുട്ടിന്റെ മുറിവ് ആപോഴൊരു സ്കാര്‍ ആയിട്ടുണ്ടായിരുന്നു...

Thursday, September 9, 2010

നീലകൊടുവേലി

പണ്ട് ചെറിയ പ്രായത്തില്‍ പറഞ്ഞു കേട്ട ഒരു 'മിത്ത്' ആണ് ഈ നീലകൊടുവേലി. മധ്യ തിരുവിതാംകൂര്‍ ആയതിനാല്‍ ആകണം എല്ലാ കഥകളും വെള്ളപ്പൊക്കവും ആയി ബന്ധപ്പെട്ടിരിക്കും. നീല കൊടുവേലിയും വെള്ളപ്പൊക്കത്തില്‍ ആണ് ഒലിച്ചു വരുന്നത്. ഏതോ അപൂര്‍വമായ ഒരു മരത്തിന്റെ വേര് ആണ് ഈ സാധനം....! നീല കൊടുവേലി അന്വേഷിച്ചു പോയവര്‍ ആരും അത് കണ്ടെത്തിയിട്ടില്ല.....നീല കൊടുവേലി നിങ്ങളെ തേടി വരും...അങ്ങനെയാണ് അതിന്റെ ഇത്..യേത്. നീല കൊടുവേലി കയ്യില്‍ വന്നാല്‍ പിന്നെ സര്‍വഐശ്വര്യങ്ങളും കയ്യില്‍ വരും എന്നാണു കഥ. നെല്ലറ ആയ കുട്ടനാടിന്റെ കഥ ആയതിനാല്‍, നെല്ല് ആണ് ഐശ്വര്യത്തിന്റെ പ്രതീകമായി കയ്യില്‍ വരുന്നതായി പറയപ്പെടുന്നത്‌. നീല കൊടുവേലി പത്തായത്തില്‍ വച്ചാല്‍, പത്തായം പിന്നെ അക്ഷയ പാത്രം പോലെ ആകുമത്രേ. എടുത്താലും എടുത്താലും തീരാത്ത അത്ര നെല്ല് ! നീല കൊടുവീലി സ്വര്‍ണം കെട്ടി കെടാവിളക്കിന്റെ മുന്നില്‍ വച്ച് പ്രാര്‍ഥിക്കണം എന്നാലെ കാര്യം നടക്കു. എന്തായാലും വളരെ ചെറിയ പ്രായത്തിലേ പലതവണ കേട്ടതിനാല്‍, നല്ല പ്രായം ആകുന്നതു വരെ ഞാന്‍ ഇത് വിശ്വസിച്ചു. പല ദിവാ സ്വപ്നങ്ങളും കണ്ടു. ഞാന്‍ വെള്ളപ്പൊക്കത്തില്‍ വള്ളത്തില്‍ പോകുന്നതായും, നീല കൊടുവേലി ഒഴുകിവരുന്നതായും, അതെടുത്തു വച്ച് ഞാന്‍ ഭയങ്കര കാശുകാരന്‍ ആകുന്നാതായും ഒക്കെ സ്വപ്നം കണ്ടു. പിന്നെ വളര്‍ന്നപ്പോള്‍ അതൊക്കെ ഒരു തമാശ ആയി തോന്നി എങ്കിലും, ഒരു 'ഉട്ടോപ്യന്‍' ഉപമയായി ഇപ്പോഴും ആ സ്വപ്നം ഞാന്‍ ഓര്‍ക്കാറുണ്ട്. Background noise എഴുത്തിനു അനുയോജ്യംഅല്ലാത്തതിനാല്‍ നിര്‍ത്തുന്നു. അപ്പൊ അടുത്ത കഥവരെ 'ഗുഡ് ബൈ'.